മനസ്സിലൊരു ആഗ്രഹമുണ്ടെങ്കിൽ , അതത്ര തീവ്രമാണെങ്കിൽ ഈ പ്രപഞ്ചം തന്നെ നമ്മുടെ കൂടെ നിൽക്കും.. പൗലോ കൊയ്ലോ എന്ന ബ്രസീലിയൻ നോവലിസ്റ്റ് “ആൽകെമിസ്റ്റ് ” എന്ന നോവലിലൂടെ നൽകിയ സന്ദേശത്തിന്റെ ആഴത്തിലേയ്ക്കാണ് സിദ്ധാർത്ഥ ശിവ ക്യാമറ ചലിപ്പിച്ചത്.
അയ്യപ്പദാസ് എന്ന അപ്പുവിലൂടെയാണ് നാം ചിത്രം കാണുന്നത്.
നാമെല്ലാം ബാല്യത്തിൽ കണ്ട സ്വപ്നങ്ങൾ, അവയെത്തിപ്പിടിക്കുവാൻ നാം നടത്തിയ യാത്രകൾ മറക്കാനാവില്ലൊരിക്കലും.
അപ്പുവിന് വിമാനത്തിൽ കയറാനാണ് ആഗ്രഹം. വിദേശത്തുള്ള തന്റെ അച്ഛന്റെ അടുത്തേയ്ക്ക് പ്ലെയിനിൽ പോകുവാൻ കാത്തിരിയ്ക്കുന്ന കുട്ടി.
വിധിയുടെ കൊടുങ്കാറ്റ് ആ കുട്ടിയുടെ ആകാശത്തോളം പോന്ന ആഗ്രഹത്തിന് മീതെയാണ് വീശിയടിച്ചത്. പിതാവിന്റെ അപകട മരണവും, കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളുമെല്ലാം അവന്റെ സ്വപനങ്ങളുടെ പട്ടത്തിന്റെ നൂൽപോലറ്റു പോയി.
കുഞ്ചാക്കോ ബോബൻ ജീവൻ പകർന്ന കൊച്ചൗവ്വ, അപ്പുവിന്റെ സ്വപ്നങ്ങൾക്ക് ചിറകു വിടർത്തുന്നു.
സ്വാർത്ഥമായ ആഗ്രഹങ്ങളേക്കാൾ നല്ലത് മറ്റുള്ളവരുടെ നിഷ്കളങ്കമായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് എന്ന കൊച്ചൗവ്വയുടെ വാക്കുകൾ അപ്പുവിന് പ്രചോദനമേകുന്നു.
നമ്മുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ല, ആ ലക്ഷ്യത്തിലെത്തുവാനുള്ള യാത്രയാണ് നമ്മുടെ ജീവിതം.
അച്ഛൻ അപ്പുവിന് സമ്മാനിച്ച ” എയ്റോ പ്ലെയിനിന് മുകളിൽ എഴുതിയ വാക്യം: ” പ്ലെയ്ൻ പറക്കുന്നതിനേക്കാളുയരത്തിൽ മോൻ പറക്കണം”.. സഹജീവികളോടുള്ള സ്നേഹവും.. സൽകർമ്മങ്ങളും… മറ്റുള്ളവരുടെ കൊച്ചു കൊച്ചു ആഗഹങ്ങൾക്ക് കൂട്ടുനിന്നതും തന്നെയാണ് അപ്പുവിനെ ആകാശത്തിനുപരിയുള്ള…അച്ഛൻ പറഞ്ഞ സ്വർഗ്ഗലോകത്തിലേയ്ക്കെത്തിച്ചത്.
ചെറിയ ചില മോഹങ്ങൾ സഫലമാക്കുവാൻ നാം നടത്തുന്ന അക്ഷീണമായ പ്രയത്നം, യാത്രകൾ ചിലപ്പോൾ നമ്മെ വളരെ വലിയൊരു ലക്ഷ്യത്തിലേയ്ക്കെത്തിക്കാം
എന്നതാണ് സംവിധായകൻ പകരുന്ന ഊർജം.മാസ്റ്റർ രുദ്രാക്ഷ് സ്വാഭാവികതയോടുകൂടി അപ്പു എന്ന നിഷ്കളങ്കനായ കുട്ടിയെ അവതരിപ്പിച്ചു.
അപ്പു കാണുന്ന കാഴ്ച്ചകളും, അനുഭവങ്ങളും, മനുഷ്യരും എല്ലാം നമ്മെ ബാല്യത്തിലേയ്ക്ക് തിരിഞ്ഞു നോക്കുവാൻ പ്രേരിപ്പിയ്ക്കുന്നു.“ഒപ്പം ” സിനിമയ്ക്കൊപ്പം ഓണം ആഘോഷിയ്ക്കുന്ന മലയാളി പ്രേക്ഷകർ , ഈ കൊച്ചു ചിത്രത്തെ കൂടി തിയ്യറ്ററിൽ പോയി തന്നെ കണ്ട് വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു…
Review by Sooraj Krishnan.
Leave a Reply