പേരൻപ്‌

പേരൻപ് അഥവാ ഉയിർത്തെഴുന്നേൽപ്പ്. ഓരോ മനുഷ്യ ജന്മങ്ങളുടേയും ജീവിതത്തിൽ പ്രകൃതി തന്നെ പകർന്നാടുന്ന വിവിധ ഭാവങ്ങൾ.
പ്രകൃതി മനുഷ്യനായൊരുക്കിയ 12 അധ്യായങ്ങളിലൂടെയാണ് പേരൻപ് എന്ന ചിത്രത്തിന്റെ സഞ്ചാരപഥം.

ദേശീയ പുരസ്കാര ജേതാവ് റാം പ്രകൃതിയെ ഒരൽപ്പം നിഗൂഢതയോടെയും അതേ സമയം കരുണയുടേയും , സഹാനുഭൂതിയുടേയും മനുഷ്യൻെറ നിസ്സഹായാവസ്ഥയുടെയും പ്രതീകവുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

അമുദവൻ എന്ന ടാക്സി ഡ്രൈവറും അയാളുടെ 14 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളുടെയും കൂടെയുള്ള ജീവിതയാത്രയും അവർക്ക് നേരിടേണ്ടി വരുന്ന യാതനകളും, വെല്ലുവിളികളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.


ശരീരത്തിലെ പേശികൾ ഒരു വശത്തേയ്ക്ക് കോടിപിടിച്ചു കൊണ്ട്
തന്റെ മകൾ അനുഭവിയ്ക്കുന്ന സങ്കീർണ്ണാവസ്ഥയെ സ്വയം അനുകരിച്ചുകൊണ്ട് അനുഭവിച്ചറിയുന്ന പിതാവിന്റെ രംഗം കണ്ണുകളെ ഈറനണിയിപ്പിക്കും വിധം വൈകാരികതയോടെയും ഭാവതീവ്രതയോടെയും മമ്മൂട്ടി എന്ന നടൻ അനശ്വരമാക്കി. ഓരോ രംഗങ്ങളിലെയും ശരീരഭാഷയും, മാനറിസങ്ങളും Voice- Modulation കൊണ്ടും മമ്മൂട്ടി നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്.

നാഗരിക ലോകത്തിലെ കുറ്റപ്പെടുത്തലുകളിൽ നിന്നും കളങ്കം നിറഞ്ഞ സ്നേഹത്തിൽ നിന്നും സമൂഹം എന്നും തിരസ്കരിച്ചു മാത്രം നിർത്തിയ തന്റെ മകളേയും കൂട്ടി അച്ഛന് പോകേണ്ടി വരുന്നതും മനുഷ്യവാസമില്ലാത്ത കാടിന്റെ അഭയത്തിലേയ്ക്ക് തന്നെയാണ്.
മനുഷ്യന്റെ പ്രകൃതിയിൽ നിന്നും പ്രകൃതിയിലേയ്ക്ക് തന്നെയുള്ളൊരു മടക്കയാത്ര.


“കുരുവികൾ സാവാത്ത ഒരിട” ത്തേക്കാണ് തനിക്ക് മകളേയും കൂട്ടി ചേക്കേറേണ്ടത് എന്ന് അമുദവൻ പറയുമ്പോൾ മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്തുപോകുന്ന ക്രൂരതകളെയും, പാപബോധത്തേയും കൂടിയാണ് സംവിധായകൻ ചോദ്യം ചെയ്യുന്നത്.

കാടിന്റെ വന്യതയെയും, വശ്യതയെയും, കോടമത്തും, മഴയേയും, ഋതുഭേദങ്ങളേയും മനോഹരമായ ഫ്രെയിമുകളാൽ സമ്മാനിച്ച തേനി ഈശ്വർ – ന്റെ ഛായാഗ്രഹണമികവ് സിനിമയെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നു.


യുവൻ ശങ്കർ രാജ യുടെ മാന്ത്രിക സ്പർശത്തോടെയുള്ള പശ്ചാത്തല സംഗീതം ചിത്രത്തോട് ചേർന്നുനിൽക്കുന്നുണ്ട്.

ഒരു അമ്മ-കിളി തന്റെ ചിറകിന്റെ ആവരണത്താൽ കുഞ്ഞു കിളിയെ പരുന്തിൽ നിന്നും മറ്റു ഇഴജന്തുക്കളിൽ നിന്നും സംരക്ഷണ കവചമൊരുക്കി സൂക്ഷിക്കുന്ന പോലെയാണ് അമുദവൻ എന്ന പിതാവ് തന്റെ മകളെ കരുതലോടെ വളർത്തുന്നത്.


പറക്കമുറ്റുന്നതിന് മുൻപേ കൂട്ടിൽ തനിച്ചാക്കി വിദൂരങ്ങളിലേയ്ക്ക് പറന്നു പോയ അമ്മ കിളിയും, ചിറകുകൾ പോലും വിടർത്താനാവാതെ ചോദ്യചിഹ്നമായ വശേഷിക്കുന്ന മകളും , ഉയരത്തിലേയ്ക്ക് ചിറകു വിടർത്തി പറന്ന് ആകാശത്തിലെ നക്ഷത്രങ്ങൾക്കൊപ്പമിരുന്ന് പുഞ്ചിരി തൂകുന്ന സ്വപ്നങ്ങൾ നെയ്തു കൊടുക്കുകയും, അവളെ കൈ പിടിച്ചു നടത്തുന്ന സ്നേഹനിധിയായ അച്ഛനെയും പേരൻപിൽ കാണാം.

എല്ലാവിധ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് പ്രകൃതി വേനലിനെ മഴയെന്ന പ്രതീക്ഷയുടെ കണങ്ങളായി പെയ്യിക്കുന്ന പോലെ തിരസ്കരിക്കപ്പെട്ടവനും, പരാജിതനും, സ്നേഹം നിഷേധിക്കപ്പട്ടവനുമായ അമുദവൻ ശുഭപ്രതീക്ഷകളാൽ മകളെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നു.


മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന എന്ന പെൺകുട്ടി ജീവിയ്ക്കുകയായിരുന്നു എന്നു തന്നെ പറയാം.
അഞ്ജലി അമീർ ചെയ്ത മീര എന്ന കഥാപാത്രം ഒരു രംഗത്തിൽ ടാക്സി ഡ്രൈവർ അമുദനോട് കാറിന്റെ അടച്ചിട്ട ജനാല തുറക്കുന്ന വേളയിൽ പറയുന്നുണ്ട്. ” അടച്ചിട്ട ജനാല ചില്ലുകൾക്കുള്ളിലായിരുന്നു എപ്പൊഴും സഞ്ചാരം . പക്ഷേ ഇന്നീ തുറന്ന ജനാലയും, വീശുന്ന കാറ്റും, നിശാ സൗന്ദര്യവും എന്നെ കരുണയോടെ തഴുകുന്നുണ്ട് “.സമൂഹത്തിൽ ഒറ്റപ്പെടലോടെയും, പരിഹാസത്തോടെയും ജീവിക്കേണ്ടി വരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന മീരയുടെ കഥാപാത്രത്തിനും മനുഷ്യന്റെ കപട സദാചാര ബോധത്തോടും,ഭിന്ന ലിംഗക്കാരോടുള്ള സമൂഹത്തിന്റെ സമീപനത്തോടും, അവർ നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ചുമായിരുന്നു പറയാനുണ്ടായിരുന്നത്.

അച്ഛൻ – മകൾ സ്നേഹ ബന്ധത്തിന്റെ കഥ എന്നതിലപ്പുറം കാലിക പ്രസക്തമായ പല വിഷയങ്ങളെ കുറിച്ചും ചിത്രം തുറന്നു സംസാരിക്കുന്നുണ്ട്.
Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: